Select your language:

Reply to comment

ബൈജു ടി

ബൈജു ടിആല­പ്പുഴ ജില്ല­യിലെ ചെങ്ങ­ന്നൂരിൽ 1981-ൽ ജനിച്ചു. ഇപ്പോൾ ഹൈദ്രാ­ബാദിൽ സി.എ ഇന്ത്യാ ടെക്നോ­ളജി സെന്റ­റിൽ ടെക്നി­ക്കൽ റൈറ്റ­റായി (സാങ്കേ­തിക എഴുത്തു­­കാരൻ എന്ന് എന്റെ ഭാഷ്യം) ജോലി­ചെയ്യുന്നു. ബ്ലോഗ്: http://ganaganga.blogspot.com/.

ഗാന­ങ്ങൾ എഴുതു­ന്നതിൽ താല്പര്യം. പാബ്ലോ ­നെരൂദ­യുടെ ചില കവിത­കൾ മല­യാള­ത്തിൽ പരി­ഭാഷ­പ്പെടുത്തി­യിട്ടുണ്ട്. എന്റെ ഗാന­ങ്ങൾ അയച്ചു­കൊടുത്ത് അഭി­പ്രായം ആരാ­ഞ്ഞ­പ്പോൾ, ഓ.എൻ‍.വി കുറുപ്പു­സാർ പറഞ്ഞ പ്രചോ­ദന­പര­മായ വാക്കു­കൾ ഗാന­പന്ഥാ­വിലെ പാഥേയം.

ഞാനെ­ഴുതി­യില്ലെ­ങ്കിൽ ഈ ലോക­ത്തിന്‌ എന്തെ­ങ്കിലും കുറവു സംഭ­വിക്കും എന്ന വിചാരം തെല്ലു­മില്ല. എങ്കിലും, ഓർമ്മ­യുടെ, സഹ­ജാവ­ബോധ­ത്തിന്റെ, സങ്കല്പ­ത്തിന്റെ ഒരു മഞ്ഞു­തുള്ളി ഗാന­മായ് ഇതളാർന്നി­ടുമ്പോൾ, അതി­നാരെ­ങ്കിലും സംഗീത­ത്തിന്റെ സൌരഭ്യം പകരു­മ്പോൾ, അതൊ­രാൾ ഭാവ­മുൾക്കൊണ്ടു പാടു­മ്പോൾ,  അതൊരു സുമന­സ്സിനെ തലോ­ടുമ്പോൾ, ഒരു ആത്മ­നിർവൃതി­ ലഭി­യ്ക്കുന്നു........................

ഈ ആൽബ­ത്തിനു വേണ്ടി ഒരു വിഷാദ­ഗാനം എഴു­താനാണ് എന്നോട് ആവശ്യ­പ്പെട്ടത്. ഈ ആൽബ­ത്തിലെ മനോ­ഹര­മായ മറ്റു ഗാനങ്ങ­ൾക്കൊപ്പം "വാർമഴ­വില്ലിലെ" എന്നു­തുട­ങ്ങുന്ന ഗാനവും നിങ്ങൾക്കി­ഷ്ടമാവും എന്നു കരു­തുന്നു. ഈ മഹ­ത്തായ ആശയ­ത്തിനു പിന്നിൽ പ്രവർത്തിച്ച കിരൺ, ബഹുവ്രീഹി, നിശീകാന്ത്, രാജേഷ് രാമൻ എന്നി­വരെ നന്ദി­യോടെ  ഓർക്കുന്നു. ഈ സമാ­രംഭ­ത്തിൽ പങ്കു­ചേരാ­നായ­തിലുള്ള സന്തോഷം അനല്പം.....................!

ഈണത്തിനെ കുറിച്ചു രണ്ടു വാക്കു കുറിയ്ക്കട്ടെ...

ഈണങ്ങളൊന്നും സ്വയം­ഭൂവല്ല. കാറ്റും മുളം­തണ്ടു­മെന്നതു­പോലെ, ഗിറ്റാറിൻ­തന്തികളും മീട്ടുന്ന കൈകളു­മെന്നതു­പോലെ, ഈണ­ങ്ങളോ­രോന്നും ഓരോ കൂട്ടായ്മ­യുടെ പരിണിത­ഫലങ്ങളാണ്. ഇവിടെ, സംഗീത­ത്തെ സ്നേഹി­ക്കുന്ന ചിലർ മുന്നിട്ടി­റങ്ങി, ഒരു സാധനയെ­ന്നതു­പോലെ നടത്തിയ ശ്രമ­ങ്ങൾ പൂർത്തീ­കരിക്കു­മ്പോഴും, വിജയി­ക്കുന്നത് അർപ്പണ­മനോഭാവ­ത്തോടു­കൂടിയ കൂട്ടായ്മ­കൾ തന്നെ­യാണ്.

പാർവ്വതീ­പരമേശ്വര­ന്മാരുടെ ചേർച്ചയെ, വാക്കു­മർത്ഥവും തമ്മിലുള്ള പാരസ്പര്യം എന്ന്  മഹാ­കവി കാളിദാസൻ ഉപമിക്കു­ന്നുണ്ട് രഘു­വംശ­മഹാ­കാവ്യ­ത്തിൽ. ഗാന­ങ്ങളേയും നമുക്കി­വ്വിധം നോക്കി­ക്കാണുവാൻ കഴിയും. സംഗീതവും സാഹിത്യവും തമ്മിലുള്ള ഒരു ആർദ്ര­ലയമാണ്, ഒരു സ്നേഹ­സല്ലാപമാണ് ഓരോ­ഗാനവും. പറഞ്ഞു­തുടങ്ങിയത് ഈണത്തെ­പ്പറ്റിയാണ്; ഇനി പറയാനു­ള്ളതും.  ഈണം ഒരു ആൽബ­ത്തിന്റെ രൂപ­ത്തിൽ നമുക്കു മുന്നിലെത്തു­മ്പോൾ പൂർത്തി­യാക്ക­പ്പെടുന്നത് സ്വപ്ന­ങ്ങളാണ്. ഓരോ സ്വപ്നവും ഓരോ ഇതളു­കളായ് വിരിഞ്ഞ്, ഈണ­മെന്ന പുഷ്പം ഇവിടെ­യെങ്ങും സുവാസിത­മാക്കുന്നു.

ഈണത്തെ­ക്കുറിച്ച് ആദ്യമായി കേൾക്കുന്നത്, ഞാൻ ബ്ലോഗ്ഗ് തുടങ്ങുന്ന­തിനും മുന്നേയാണ്. ഏകദേശം 2007 മാർച്ചിൽ. കിരണിന്റെ പാട്ടുകേട്ട് അഭിപ്രായമ­റിയിച്ചതിനെ­ത്തുടർന്നു­ണ്ടായ ചില കത്തി­ടപാടുകളി­ലൂടെയാണ് ഈണം എന്ന സ്വപ്നത്തെ­ക്കുറിച്ച് ഞാനാദ്യ­മായി­ക്കേട്ടത്. കിരണിന്റെ നിർദ്ദേശ­മനുസരിച്ചാണ് ഞാനൊരു ബ്ലോഗ്ഗ് തുടങ്ങുന്നതും.  ആ നന്ദി, ഒരു­വാക്കു­കൊണ്ടു­പോലും ഞാനിതു­വരെ പ്രകാശി­പ്പിച്ചിട്ടില്ല. പ്രകടിപ്പിക്ക­പ്പെടാത്ത നന്ദികളുടെ  ഋണ­ഭാര­മേറുമ്പോൾ വല്ലപ്പോഴും ഇങ്ങനെയും മറ്റും ഒന്നു­പറഞ്ഞാ­ലായി. അങ്ങനെ ഞാൻ ബ്ലോഗ് തുടങ്ങി. അവിടെ­ക്കുറിച്ചിട്ട ചിലഗാനങ്ങൾ ശ്രീ. പണിക്കർ മാഷ്, ബഹുവ്രീഹി, മനോജ് തുടങ്ങിയവർ സ്വരപ്പെടുത്തി­പ്പാടുകനയുണ്ടായി. അവരെയെല്ലാം നന്ദിയോടുകൂടി ഓർത്തു­കൊള്ളട്ടെ. പിന്നീട്, ബഹുവ്രീഹി­യുമായുള്ള ഒരു സംഭാഷണ­വേളയിലാൺ ഈണം എന്ന ആശയം വീണ്ടും സജീവമായി എന്നറിയാൻ കഴിഞ്ഞത്. ഗാന­ങ്ങളോ­രോന്നും ഓരോ ഭാവത്തെ അടിസ്ഥന­പ്പെടുത്തിയു­ള്ളതാ­ണെന്നും അറിഞ്ഞു. വിശദ­വിവര­ങ്ങളട­ങ്ങിയ ആദ്യത്തെ "ഓല" കിരണിൽ നിന്നും ലഭിച്ചു.
 
നാടൻപാട്ട്, വിഷാദഗാനം, തത്ത്വ­ചിന്താ­ഗാനം, ഉത്സവ­ഗാനം, അർദ്ധ­ശാസ്ത്രീയ­ഗാനം, ഭാവ­ഗാനം, താരാട്ട്, യുഗ്മ­ഗാനം, കാമ്പസ് ഗാനം, എന്നി­ങ്ങനെ­യാണ്  തരം­തിരിച്ചി­രിക്കുന്നത്. ഞാനെഴുതേണ്ടത് വിഷാദ­ഗാനം. രാജേഷ് രാമനാണ് ഈണം പകരുന്നത്, കിരണാണ് ആലപി­ക്കുന്നത്. രാജേഷി­നോട് അഭിപ്രായം ആരാഞ്ഞു. വരികൾ അയച്ചുതരൂ എന്ന് രാജേഷ്. വിഷയം തെരഞ്ഞെടുക്കു­ന്നതിൽ രാജേഷ് എനിയ്ക്കു പൂർണ്ണ സ്വാതന്ത്ര്യം തന്നു.  പാട്ട്, ഏതെങ്കിലും സിനിമാപ്പാട്ടിന്റെ ­ഈണ­ത്തി­ലെഴുതിയ­താ­ണെങ്കിൽ ഒറിജിനൽ ഈണം ഏതെന്നു രാജേഷിനെ അറിയിക്ക­രുതേ­യെ­ന്നൊരു അഭ്യർത്ഥ­നയും. കെട്ടി­യിട്ടടി­ച്ചാൽ­പ്പോലും അതു­പറയില്ലെന്നു ഞാനും.
 
നേരത്തേ (2006ൽ) എഴുതിയ ഒരു­ഗാനമാണ് ഞാൻ തെരഞ്ഞെ­ടുത്തത്. ഏതോ ഒരു സിനിമ, അതിലെ നായിക മരിക്കുന്നതും, തുടർന്നുള്ള  നായകന്റെ ദു:ഖവും ഒക്കെ­ക്കണ്ട്, ആ സന്ദർഭത്തിൽ ഒരു­പാട്ടു­ണ്ടായാൽ എങ്ങനെയിരിക്കും (ആഗ്രഹം നോക്കണേ) എന്നാ­ലോചിച്ച­തിന്റെ ഫലമായ് പിറവി­കൊണ്ടതാണ്, "വാർമഴവില്ലിലെ" എന്ന ഗാനം. എല്ലാ­നിറങ്ങ­ളുടേയും ഉണ്മയായ വെണ്മ­പുതച്ച്, നീരവം മലർ­ശയ്യയിൽ കിട­ക്കുന്ന നായിക. പാട്ടെഴുതി­ത്തീർക്കാൻ അധിക­സമയം വേണ്ടി­വന്നില്ല. ഛന്ദസ്സ് പാലിയ്ക്കുവാൻ പ്രത്യേക­ശ്രമമൊന്നും നടത്തി­യിരുന്നി­ല്ലെങ്കിലും, എഴുതി­ക്കഴിഞ്ഞപ്പോൾ ഏതാണ്ട് മഞ്ജരി­യുടെ മട്ടി­ലായി (കുറഞ്ഞ പക്ഷം മഞ്ജരിയുടെ കുഞ്ഞ­മ്മയുടെ മോളെ­പ്പോലെ­ങ്കിലുമായി).

പാട്ട് പിറ്റേന്നത്തെ ഗൂഗിൾ പോസ്റ്റിൽ ഇംഗ്ളണ്ടി­ലേയ്ക്കു പറന്നു. സമയ­ത്തിലുള്ള വ്യത്യാസം കാരണ­മാവാം പിന്നീടുള്ള ചർച്ചക­ളൊക്കയും നിശിയേട്ടനു­(നിശീകാന്ത്/­ചെറിയ­നാടൻ)­മായായിരുന്നു. ഗാനത്തിന്റെ ഈണം ചർച്ച­ചെയ്യ­പ്പെട്ടു എന്നും, ചില്ലറ വ്യത്യാസങ്ങൾ വരുത്തേണ്ടതു­ണ്ടെന്നും അറിഞ്ഞു.

"നിന്റെ ഹൃദയവിഹായുസ്സിലിന്നോളം
പാറിനടന്നോരു വെൺപറവ
ഇന്നീ മഹാകാശവീഥിയളക്കുവാൻ
മണ്ണിന്റെ കൂടും തുറന്നുപോയി"

എന്നതിലെ പറവയ്ക്കു "വാ" അല്പം­കൂടിയതി­നാൽ മറ്റൊരു­വാക്ക് ഉപയോഗി­ക്കുന്നതു നന്നാവും എന്ന നിർദേശവും തന്നു. "പൂങ്കുരുവി" പോലെ­യെന്തെങ്കിലു­മായാൽ  മതിയാവും എന്ന ഉപദേശവും. കുഴി­മടിയ­നായ ഞാൻ "പൂങ്കുരുവി" പോലെ­യെന്തെ­ങ്കിലു­മല്ല, പൂങ്കുരുവി (അതും, വലുത് ഒന്ന്) തന്നെ­യിരിക്കട്ടെ എന്നു മറു­മൊഴിയാടി. പല്ലവി, അനുപല്ലവി, ചരണം എന്നിവ­യുടെ ഘടന­യിൽ ചില വ്യത്യാസ­ങ്ങൾ വരുത്തി­യ­തിനാൽ, ചില­വരികൾ (ഹേമന്ത സന്ധ്യതൻ....) പുതുതായി എഴുതി­ച്ചേർക്കേ­ണ്ടതായും വന്നു. തനനാനാ പാടി നിശി­യേട്ടൻ കൂടെ­യുണ്ടായ­തിനാൽ, ഗൂഗിളമ്മ­ച്ചിയുടെ മടിയിനലിരുന്നു സ്വകാര്യം പറയുന്നതി­ന്നിടയിൽ ഗാനവും പൂർത്തി­യായി.

പാട്ടൊ­രാൾക്ക് ട്യൂണി­ടാൻ അയച്ചു­കൊടുത്താൽ, "വെന്തോ, വെന്തോ" എന്നു ചോദി­യ്ക്കു­ന്നത് എന്റെ (ദു:)ശീലമാണ്. എന്തായാലും അധികം കാത്തി­രിയ്ക്കേ­ണ്ടി­വന്നില്ല. പാട്ടിന്റെ ട്രയൽ വെർഷൻ എന്നെ­ത്തേടി­യെത്തി. മനോഹര­മായ ട്യൂൺ. എന്റെ ഒന്നുരണ്ട് നിർദ്ദേശ­ങ്ങളും മറുപടി­യായി നല്കി. കറുത്തമ്മ­പോയ കൊച്ചീ­മുതലാളി­യെ­പ്പോ­ലെ കടാപ്പുറത്തൂ­ടെയല­ഞ്ഞ്, കിരൺ ആ പാട്ട് പരി­ശീ­ലിച്ചു. ഏവൂരിലെ ഒരു സ്റ്റുഡിയോ­യിൽ ആലേഖനം ചെയ്യ­പ്പെട്ട ഗാനം കിരൺ എനിയ്ക്ക­യച്ചു­തന്നു. എന്റെ വരികൾ സ്വരതിലകം ചാർത്തി­നിൽക്കുന്നു. രാജേഷിന്റെ ഹൃദ്യമായ ഈണ­ത്തി­നൊത്ത്, ഒരു ഭാവ­ഗായകനെ­പ്പോലെ കിരൺ പാടി­യിരി­ക്കുന്നു. അന്നു­രാത്രി­യിൽ ഉറങ്ങു­വോളവും ആ പാട്ടു­തന്നെ കേട്ടു­കിടന്നു. (ഇനി കിരൺ ഫോൺ ചെയ്താലും,  ആരെന്നു­പറയും മുൻപേ ആ ശബ്ദം തിരി­ച്ചറിയും).

ഒരു പാട്ടെഴുതി­ക്കൊടുത്ത്, അതിൽ ചില തിരുത്ത­ലുകൾ വരുത്തി ഞാൻ എന്റെ ജോലി­പൂർത്തി­യാക്കി. എന്നാൽ, ഈ ആൽബ­ത്തിലെ ഓരോ­പാട്ടും പൂർത്തി­യാക്കു­വാൻ, ലാഭേച്ഛ തെല്ലു­മില്ലാ­തെ രാപ­കല­ധ്വാനി­ച്ചവർ ഏറെ. ആ കൈ­കളെ­യൊക്കയും ഇങ്ങു ദൂരെ­യിരുന്നു്‌ ഞാനെന്റെ ഹൃദയം കൊണ്ടു തൊടുന്നു......

ഈണമെന്ന പൂവിലെ ഒരിതളായ വിഷാദ­ഗാന­ത്തിന്റെ പിറവി­യെ­പ്പറ്റി­യാണ് പറഞ്ഞത്. ഒറ്റ­യൊറ്റ­യിതളു­കളായാ­സ്വദി­ച്ചാലും, ഒരു­മിച്ചു കണ്ടാലും, ഈണം നിങ്ങ­ളെ­യാ­കർഷി­ക്കും. അതേ,  ഋതു­ശാഖി­യിൽ ഒരു­നല്ല പൂക്കാ­ലമു­ണരു­ക­യായ്. ഒരു രാഗ­മാലിക­യെന്നതു­പോലെ, ഇള­യെ­പ്പുൽകുന്ന ഋതു­ഭേദ­ചാരുത­കൾ പോലെ, ഈണം നിങ്ങൾക്കു­മുന്നി­ലേ­യ്ക്കു വരിക­യാണ്. ഓരോ ഗാനവും നിങ്ങ­ളിലെ ഓരോ ഭാവ­ത്തെ­യും സ്പർ­ശി­ക്കട്ടെ. അവ നിങ്ങ­ളിലെ സുപ്ത­ചോദന­കളെ ഉണർ­ത്തട്ടെ.....

ഇനി ആസ്വദിച്ചാലും ഈണത്തിന്നീണങ്ങൾ..................

Reply

The content of this field is kept private and will not be shown publicly.
CAPTCHA
സുഹൃത്തേ, നിങ്ങളെ ബുദ്ധിമുട്ടിയ്ക്കണമെന്നു് മനപ്പൂർവ്വം കരുതി ചെയ്യുന്നതല്ല. സ്പാമമ്മാരെ ഒതുക്കുവാൻ വേറെ വഴിയില്ലാഞ്ഞിട്ടാണ്.
Image CAPTCHA
Enter the characters (without spaces) shown in the image.

Creative Commons License
Eenam by Eenam is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.eenam.com.
Permissions beyond the scope of this license may be available at www.eenam.com

ബഹുവ്രീഹി
Joseph Thomas
Divya Menon
ethiran Devi pillai Rajesh Raman Nisikanth G Manu Pamaran Kiranz Suresh
KC Geetha
Divya Pankaj
The great team behind this revolution
We are all from different walks of life, but united together in the cause of free music. Our visions, our dreams, our feelings, feel yourself through the 9 songs we've presented here.
Thaha Naseer | Nandakumar | Kevin & Siji © 2009 Eenam team. All rights reserved